സംസ്ഥാനത്ത് തുലാവര്‍ഷം എത്തി, ശക്തമായ മഴയ്ക്ക് സാധ്യത, എറണാകുളത്ത് നാളെ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും ( ഓറഞ്ച് അലര്‍ട്ട്), തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ അതിശക്ത മഴ ( യെല്ലോ അലര്‍ട്ട് ) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തു നിന്നും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) പൂര്‍ണമായി പിന്‍മാറിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അതേസമയം വടക്കു കിഴക്കന്‍ മണ്‍സൂണിന് ( തുലാവര്‍ഷം ) ദക്ഷിണേന്ത്യയില്‍ തുടങ്ങിയതായുമാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍, തീരദേശ ആന്ധ്രാപ്രദേശ്, രായലസീമ, തെക്കന്‍ കര്‍ണാടക, കേരളം-മാഹി എന്നിവിടങ്ങളിലാണ് തുലാവര്‍ഷം എത്തിയിട്ടുള്ളത്. തുലാവര്‍ഷത്തിന്റെ ഭാഗമായി ഉച്ചയ്ക്കുശേഷം ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ മാസത്തില്‍ സാധാരണയേക്കാള്‍ 15 ശതമാനം കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. കാലവര്‍ഷക്കാലത്ത്, സെപ്റ്റംബര്‍ 30 വരെ ഇന്ത്യയില്‍ 937.2 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. സാധാരണ ലഭിക്കേണ്ടനിനേക്കാളും എട്ടു ശതമാനം അധിക മഴയാണ് ലഭിച്ചത്. സാധാരണ 868.6 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.